
തിരൂരങ്ങാടി: ചെറുമുക്കിൽ വൈദ്യുതി സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിമൂന്നുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നാട്ടുകാരും കുടുംബക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജുനൈദ് മരണത്തിന് ഉത്തരവാദികളായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് യു എ റസാഖ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്റ്റേ കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നതായും ഇടയ്ക്കിടെ ഷോക്കേൽക്കുന്നതായും പ്രദേശവാസികൾ നിരവധി തവണ കെ എസ് ഇ ബി ജീവനക്കാരെ അറിയിച്ചിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ് താഴ്ന്ന നിലയിലായിരുന്നുവെന്നും വെള്ളത്തിനോട് ചേർന്നാണ് വൈദ്യുതി ലൈൻ കടന്നുപോയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അപകടസാധ്യത സംബന്ധിച്ച് ആവർത്തിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പരിഹാരനടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ ഔദ്യോഗിക അനാസ്ഥയാണ്. ഇതിന് ഉത്തരവാദികളായ തിരൂരങ്ങാടി സെക്ഷൻ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുൻപ് ലഭിച്ച പരാതികൾ, അവ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ, സ്വീകരിച്ച നടപടികൾ, വൈദ്യുതി സംവിധാനങ്ങളിലെ സുരക്ഷാ പരിശോധനകൾ എന്നിവ പരിശോധിക്കണം. കുറ്റകരമായ അനാസ്ഥയും ഉത്തരവാദിത്തലംഘനവും ബോധ്യപ്പെടുന്നവർക്കെതിരെ കൊലപാതകം ഉൾപ്പെടെ ബാധകമായ ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുക്കണം.
ഒരു പതിമൂന്ന് വയസുകാരന്‍റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തെ കേവല വൈദ്യുതാപകടമായി എഴുതി തള്ളാനാവില്ല. മുൻകൂട്ടി അപകടസാധ്യത ചൂണ്ടിക്കാട്ടിയിട്ടും സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിന് കെ എസ് ഇ ബി മറുപടി പറയേണ്ടതുണ്ട്. അപകടമേഖലയിലും സമീപപ്രദേശങ്ങളിലുമുള്ള മുഴുവൻ വൈദ്യുതി സംവിധാനങ്ങളിലും അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്നും ജുനൈദിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പുറമെ ബന്ധപ്പെട്ട അധികാരികൾക്കും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. ജുനൈദിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ നീതിയും സഹായവും ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്നും യു എ റസാഖ് പ്രസ്താവനയിൽ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam