ഭാര്യയുടെ മടിയിലിരുന്ന ഇളയ മകൾ ദീപികയെ പിടിച്ചുവാങ്ങി മുറിക്കുള്ളിൽ വെച്ച് നിലത്തേക്ക് എറിയുകയും മുഖം തറയിലിടിക്കുകയുമായിരുന്നു.
മാങ്കാംകുഴി: മാവേലിക്കര മാങ്കാംകുഴിയിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളി ഒരു വയസ്സുള്ള പെൺകുഞ്ഞിനെ തറയിലടിച്ചു കൊന്നു. കുഞ്ഞിൻ്റെ രണ്ടാനച്ഛൻ അസം സ്വദേശി പരിതോഷ് മൊണ്ടേലിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും മാവേലിക്കര സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അസം സ്വദേശി പരിതോഷ് മൊണ്ടേലും ഇയാൾക്കൊപ്പം താമസിക്കുന്ന റോണ്ട് വാലി എന്ന സ്ത്രീയും ഇന്നലെ രാത്രി പത്തരയോടെ ഒരു വയസുള്ള പെൺകുഞ്ഞ് ദീപികയുടെ മൃതദേഹവുമായി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ സംശയകരമായ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ വിവരം കുറത്തികാട് പോലീസിൽ അറിയിച്ചു .
പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. മദ്യപിച്ചെത്തിയ പരിതോഷ് രാത്രി പത്തുമണിയോടെ ഭാര്യയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഭാര്യയുടെ മടിയിലിരുന്ന ഇളയ മകൾ ദീപികയെ പിടിച്ചുവാങ്ങി മുറിക്കുള്ളിൽ വെച്ച് നിലത്തേക്ക് എറിയുകയും മുഖം തറയിലിടിക്കുകയുമായിരുന്നു. കുട്ടിക്ക് അനക്കമില്ലെന്ന് മനസിലായതോടെയാണ് ഇരുവരും കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. കുട്ടിയുടെ സഹോദരിയെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതായി മോണ്ട് വാലി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാങ്കാംകുഴിയ്ക്ക് സമീപത്തെ വാടക വീട്ടിൽ കഴിഞ്ഞ 28 നാണ് കുടുംബം താമസത്തിനെത്തിയത്. മോണ്ട് വാലി ഭാര്യ എന്നാണ് പരിതോഷ് നാട്ടുകാരോട് പറഞ്ഞിരുന്നത് എങ്കിലും ഇരുവരും നിയമപരമായി വിവാഹിതർ അല്ലെന്നാണ് പോലീസ് കണ്ടെത്തിയത്.അസമിലെ ഗുവാഹത്തി സ്വദേശിയായ പരിതോഷ് മൈക്കാട് ജോലിക്കാരനാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.














