'തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം നൽകാൻ കമ്മിറ്റി'; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ സർക്കാരിനും വേണ്ട!

By Web TeamFirst Published Sep 13, 2022, 2:33 PM IST
Highlights

ഇത്തരത്തിൽ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം പോലും പലർക്കും അറിയില്ലെന്ന് ജസ്റ്റിസ് സിരി ജഗൻ. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണ്. കമ്മിറ്റിയ്ക്ക് ദൈനംദിന ചെലവിന് പണം നൽകുന്നില്ല

കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരി ജഗൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് സിരി ജഗൻ. എന്നാൽ ഇത്തരത്തിൽ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം പോലും പലർക്കും അറിയില്ലെന്ന് ജസ്റ്റിസ് സിരി ജഗൻ ചൂണ്ടിക്കാട്ടി. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണ്. കമ്മിറ്റിയ്ക്ക് ദൈനംദിന ചെലവിന് പണം നൽകുന്നില്ല. സ്വന്തം പോക്കറ്റിലെ പണം എടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് സിരി ജഗൻ വ്യക്തമാക്കി. 

നായ കടിച്ചാൽ നഷ്ടപരിഹാരമോ? ആരെ സമീപിക്കണം? എത്ര കിട്ടും? നടപടി ക്രമങ്ങൾ എന്തെല്ലാം?

നഷ്ടപരിഹാരം അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഷം ഒരു ലക്ഷം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിറ്റിക്ക് കിട്ടിയത് 5,036 പരാതികൾ മാത്രമാണെന്നും ജസ്റ്റിസ് സിരി ജഗൻ പറഞ്ഞു. കമ്മിറ്റിയെ കുറിച്ചും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയെ കുറിച്ചും ജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


പേ വിഷവാക്സിന്‍റെ ഗുണനിലവാരം; റിപ്പോര്‍ട്ട് തേടി കേന്ദ്രം, നടപടി കേരളം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

പേ വിഷവാക്സിന്‍റെ ഗുണനിലവാരത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം. ഡ്രഗ്സ് കണ്ട്രോളർ ജനറലിനോടാണ് അന്തിമ റിപ്പോർട്ട് തേടിയത്. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചത്. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ആശങ്കയകറ്റാൻ അതിവേഗ പരിശോധന വേണമെന്ന് ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

പാലക്കാട് തെരുവുനായ ആക്രമണം; അധ്യാപകനെ സ്കൂളിൽ കയറി കടിച്ചു, വിദ്യാർത്ഥികൾക്കും പരിക്ക്

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 5 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്‍കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്.

തെരുവ് നായ പ്രശ്നം: ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും,ആരോഗ്യ മൃഗ സംരക്ഷണ വകുപ്പുകൾ കണക്കെടുക്കും

click me!