Asianet News MalayalamAsianet News Malayalam

പാലക്കാട് തെരുവുനായ ആക്രമണം; അധ്യാപകനെ സ്കൂളിൽ കയറി കടിച്ചു, വിദ്യാർത്ഥികൾക്കും പരിക്ക്

മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 5 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സ തേടി

Stray dog attack in Palakkad, five including a teacher and students attacked
Author
First Published Sep 13, 2022, 11:46 AM IST

പാലക്കാട്: പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 5 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്‍കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്.

നഗരപരിധിയിലുള്ള മേപ്പറമ്പിൽ ഒരു കുട്ടി ഉൾപ്പെടെ  മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 3 പേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നെദ്ഹറുദ്ദീൻ എന്നയാൾക്കും മദ്രസാ വിദ്യാർത്ഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവർക്കുമാണ് കടിയേറ്റത്. മദ്രസയിൽ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോൾ രക്ഷിക്കാൻ പോയതായിരുന്നു നെദ്ഹറുദ്ദീൻ. ആക്രമിച്ചത് വളർത്തു നായ ആണെന്ന് നെദ്ഹറുദ്ദീൻ പറഞ്ഞു. നായയുടെ കഴുത്തിൽ ചങ്ങല ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

കണ്ണൂരിൽ പശുവിന് പേവിഷബാധ ഏറ്റതായി സംശയം

കണ്ണൂർ ചാലയിൽ പശുവിന് പേ വിഷബാധ ഏറ്റതായി സംശയം. ചാല പന്ത്രണ്ട് കണ്ടിയിൽ പ്രസന്നയുടെ പശുവിനാണ് പേ വിഷബാധയേറ്റെന്ന സംശയം ഉള്ളത്. പശു അക്രമാസക്തമാവുകയും പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പശു ചത്തു. പേവിഷബാധ ഉണ്ടായോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ പരിശോധനയ്ക്ക് അയക്കും.

കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്തതിൽ അന്വേഷണം; വെള്ളൂർ പൊലീസ് കേസെടുത്തു

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂർ പൊലീസാണ് കേസെടുത്തത്. മൃഗങ്ങളെ കൊന്നാൽ ചുമത്തുന്ന വകുപ്പാണ് IPC 429. നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യും. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്തു. 12 നായ്ക്കൾ ചത്തതിലാണ് അന്വേഷണം. മൃഗസ്നേഹികളുടെ പരാതിയിലാണ് നടപടി.

Follow Us:
Download App:
  • android
  • ios