
തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലാപമുയർത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ടത്.
സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ വാർത്തസമ്മേളനത്തിൻ്റെ അവസാനഘട്ടത്തിലേക്ക് പിഎസ് പ്രശാന്തിനെ സിപിഎമ്മിലേക്ക് വരവേൽക്കുന്നതായുള്ള പ്രഖ്യാപനം വിജയരാഘവനിൽ നിന്നുണ്ടായത്. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം പി.എസ്.പ്രശാന്ത് കോൺഫറൻസ് ഹാളിലേക്ക് എത്തിയത്.
ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു പി.എസ്.പ്രശാന്ത്. രണ്ട് ദിവസം മുൻപാണ് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജിവച്ചതായി പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പാലോട് രവിക്ക് പാർട്ടി റിവാർഡ് നൽകിയതാണ് ഡിസിസി അധ്യക്ഷസ്ഥാനം. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചയാളിന് പ്രമോഷൻ കൊടുത്തത് ശരിയായില്ല. സാധാരണ കോൺഗ്രസ് പ്രവർത്തകന് സഹിക്കാനാകാത്ത അനുഭവങ്ങളാണ് കോൺഗ്രസിൽ നിന്നും ഉണ്ടായതെന്നും പ്രശാന്ത് പറഞ്ഞു.
കെ സി വേണുഗോപാലാണ് കേരളത്തിലെ കോൺഗ്രസ് സംഘടനാ തകർച്ചയുടെ മൂല കാരണം. കെ സി വേണുഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.വർഗീയത പ്രോൽസാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. പാലോട് രവി ഒരു കുമ്പിടിയാണ്. എല്ലായിടത്തും പുള്ളി ഉണ്ട്. പാലോട് രവി ഒരു നല്ല നടനാണെന്നും എല്ലാ സ്ഥാനാർഥികളും അദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചിട്ടും പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെന്ന് പ്രശാന്ത് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam