
കോഴിക്കോട്: ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സി പി എം, സിപിഐ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. തന്ത്രിയെ 'പെരുങ്കള്ളൻ' എന്ന് എം വി ഗോവിന്ദൻ വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 ൽ ശബരിമലയിലെ യുവതി പ്രവേശന സമയത്ത് താൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടയടച്ചതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. അന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ ഒരു ഉന്നതൻ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തന്ത്രിയെ 41 ദിവസം ജയിലിലിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
യുവതീ പ്രവേശനകാലത്ത് ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി കഴിഞ്ഞ ദിവസമാണ് പി എസ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത്. 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലെ തുറന്നുപറച്ചിലാണ് പിള്ള വെളിപ്പെടുത്തിയത്. പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തിയിരുന്നു. യുവതീ പ്രവേശന കാലത്ത് ശബരിമലയിൽ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമപദേശം നൽകിയത് താനാണെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി. നട അടയ്ക്കുന്നതിൽ നിയമപ്രശ്നം ഇല്ലെന്ന് നേരിട്ട് ഉപദേശം നൽകുകയായിരുന്നു. അന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ശ്രീധരൻ പിള്ള. ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടക്കാനിരിക്കെ താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവരരെ കണ്ടു. പുതിയ രണ്ട് പുസ്തകങ്ങൾ പ്രകാശനത്തിനു മുന്നോടിയായി തന്ത്രിക്ക് നൽകാനാണ് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam