"പരിശീലന കേന്ദ്രങ്ങൾ നിങ്ങളെ പറ്റിക്കുകയാണ് " വിജിലൻസ് പരിശോധനയോട് പ്രതികരിച്ച് പിഎസ്‍സി ചെയർമാൻ

By Web TeamFirst Published Feb 23, 2020, 3:43 PM IST
Highlights

പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ ഉദ്യോഗാർത്ഥികൾ വീഴരുതെന്നാണ് എം കെ സക്കീറിന് പറയാനുള്ളത്.  കോച്ചിംഗ് സെന്‍ററിലൂടെ പിഎസ്‍സി നേടിയെടുക്കാമെന്ന് പറയുമ്പോൾ അത് കബളിപ്പിക്കിലാണെന്ന് പിഎസ്‍സി ചെയർമാൻ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‍സി പരീശീലന കേന്ദ്രം നടത്തുന്നുവെന്ന പരാതി അതീവ ഗൗരവമേറിയതാണെന്ന് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണമെന്നും എം കെ സക്കീർ ആവശ്യപ്പെട്ടു. പരിശീലനകേന്ദ്രങ്ങളുമായി പിഎസ്‍സിക്ക് ഒരു ബന്ധവും ഇല്ലെന്നും പിഎസ്എസി ചെയർമാൻ വ്യക്തമാക്കി. തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടന്നതിന് പിന്നാലെയാണ് പിഎസ്‍സി ചെയർമാന്‍റെ പ്രതികരണം.

പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ ഉദ്യോഗാർത്ഥികൾ വീഴരുതെന്നാണ് എം കെ സക്കീറിന് പറയാനുള്ളത്.  കോച്ചിംഗ് സെന്‍ററിലൂടെ പിഎസ്‍സി നേടിയെടുക്കാമെന്ന് പറയുമ്പോൾ അത് കബളിപ്പിക്കിലാണെന്ന് പിഎസ്‍സി ചെയർമാൻ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നവർ പിഎസ്‍സിയെയും ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗാർത്ഥികളെ സ്വതന്ത്രമായി പരീക്ഷയെഴുതാൻ പോലും സമ്മതിക്കാത്ത രീതിയാണ് ഇതെന്നും, കെഎഎസ് നേടാം, എൽഡിസി നേടാം എന്നീ തരത്തിലുള്ള പരസ്യങ്ങളിൽ വീണ് പോകരുതെന്നും പിഎസ്‍സി ചെയർമാൻ മുന്നറിയിപ്പ് നൽകി. 

പിഎസ്‍സി ചെയർമാൻ്റെ പ്രതികരണം കാണാം: 

"

തിരുവനന്തപുരത്ത് ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു. 

മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. വീറ്റോയെന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥൻ മൂന്നു സുഹൃത്തുക്കളുടെ പേരിലാണ്. രഞ്ജൻ, സ്ഥാപനത്തിലെ അധ്യാപകൻ മാത്രമാണെന്നാണ് ഉടമകൾ പറയുന്നത്. 

അതേ സമയം പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലൻസിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റർ എന്നിവ മാറ്റിയതായാണ് സംശയം. അതിനിടെ വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടി. 

ഉദ്യോഗസ്ഥരിൽ രണ്ട് പേർ ദീർഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാൾ സർവീസിൽ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമസ്ഥരില്‍ ഒരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു.

 ഉദ്യോഗാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകി തുടങ്ങിയ ആരോപണങ്ങളും ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്‌സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. 

click me!