
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം. ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും. അതേസമയം, ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയിൽ പുനർ മൂല്യനിർണയത്തിലൂടെ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാർശ നൽകും. പഴയ പട്ടികയിൽ ഒന്നാമതെത്തിയ ഇടത് സംഘടനാ പ്രവർത്തകൻ അരുൺ ജെ പ്രതാപിനെ പുറത്താക്കാൻ നോട്ടീസും നൽകും.
ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സിക്കെതിരെ ക്രൈം ബ്രാഞ്ച്. എഫ്ഐആർ റദ്ദാക്കാൻ പി എസ് സി ഹൈക്കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും 10 ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് സാങ്കേതിക വീഴ്ച അല്ലെന്നും ബോധപൂർവം എന്നുമാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്ട്രക്ചർ പരീക്ഷയുടെ ഉത്തരങ്ങൾ നോക്കാതിരുന്നതിൽ വലിയ അട്ടിമറി സംശയിക്കുന്നു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
നേരത്തെ ഒന്നാം റാങ്ക് കിട്ടിയ ഇടത് സംഘടന നേതാവായ അരുൺ ജെ പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയത്. ചില ചോദ്യങ്ങളുടെ ഉത്തരം അപൂർണ്ണമായോ ചിലത് ഒന്നും എഴുതാതെയോ ആണ് പേപ്പർ ഉണ്ടായിരുന്നത്. 58 മാർക്കിന്റെ ഈ 10 ഉത്തരങ്ങൾ പരിശോധിച്ചാൽ അരുൺ പിന്നിൽ പോകുമെന്ന് ഉറപ്പാണ്. ഇക്കാരണത്താലാണ് മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഉത്തരങ്ങൾ നോക്കാതിരുന്നത്. ഉത്തരങ്ങൾ എല്ലാം കൃത്യമായി നോക്കിയോ എന്ന് വീണ്ടും പരിശോധിക്കാനും തയ്യാറായില്ല. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകളുടെ പകർപ്പാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ പി എസ് സിയെ സമീപിച്ചു. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11ന് ഉത്തര കടലാസിനായി അപേക്ഷ നൽകി. പി എസ് സി മറുപടി നൽകിയത് 2026 ജൂൺ 18നാണ്. ഏതാണ്ട് ഒരു വർഷത്തിന് 6 ദിവസം മുൻപായിരുന്നു ഉത്തരക്കടലാസ്. അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിലെ നിയമനം റദ്ദാക്കാൻ മാത്രമാണ് പി എസ് സിയ്ക്ക് അധികാരമുള്ളൂ. ഇത് മനസ്സിലാക്കി തന്നെ മനപ്പൂർവമുള്ള വൈകിപ്പിക്കൽ ആണ് പി എസ് സി നടത്തിയത്. പരാതിക്കാർക്ക് നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് കിട്ടിയ അരുൺ ജെ പ്രതാപിനെ സംരക്ഷിക്കാനും ആണ് ഇങ്ങനെ ചെയ്തത് എന്നും ഇത് ക്ലറിക്കൽ പ്രശ്നമല്ല എന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam