പിഎസ്‍സി പരീക്ഷാക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

By Web TeamFirst Published Aug 6, 2019, 11:16 AM IST
Highlights

കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കന്‍റോണ്‍മെന്‍റ് സിഐ സിറ്റി പൊലീസ് കമ്മീഷണറോട് ശുപാര്‍ശ ചെയ്തു.
 

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കന്‍റോണ്‍മെന്‍റ് സിഐ സിറ്റി പൊലീസ് കമ്മീഷണറോട് ശുപാര്‍ശ ചെയ്തു.

പരീക്ഷാക്രമക്കേടില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ്  കന്റോണ്‍മെന്റ് സി ഐ യുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടാണ് അദ്ദേഹം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയത്.

പിഎസ്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന മൂന്ന് പേര്‍  സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. 

പിഎസ്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്‍സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യത പിഎസ്‍സി വിജിലന്‍സ് തള്ളിക്കളയുന്നില്ല.  ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം.  കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 

പരീക്ഷക്കിടെ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും പിഎസ്‍സി ശുപാര്‍ശ ചെയ്തിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‍സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. 


 

click me!