പൊലീസ് കസ്റ്റഡിയില്‍ രാജ് കുമാറിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം; സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Aug 6, 2019, 11:07 AM IST
Highlights

രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എസ്ഐ സാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സർക്കാർ നിലപാടറിയിച്ചത്.  എസ്ഐ സാബുവിന്‍റെ ജാമ്യഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു.

രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ രാജ്കുമാറിന്‍റെ പോസ്മോർട്ടം റിപ്പോർട്ട്, മെഡിക്കൽ രേഖകൾ അടക്കം എല്ലാ രേഖകളും മറ്റന്നാൽ ഹാജരാക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബുവിന്‍റെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. എസ്ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 

click me!