എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പിഎസ്‍സി പരീക്ഷാക്രമക്കേട്; ഒന്നരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്

By Web TeamFirst Published Feb 19, 2021, 9:32 AM IST
Highlights

കേസ് മൂലം നിയമനം മുടങ്ങിയത് ഉന്നയിച്ച് സിപിഒ ഉദ്യോഗാർത്ഥികൾ സമരം ചെയ്യുമ്പോഴാണ് പ്രതികൾക്കുള്ള സംരക്ഷണം. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പിഎസ്‍സി കോപ്പിയടി കേസിൽ ഒന്നരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്. കേസ് മൂലം നിയമനം മുടങ്ങിയത് ഉന്നയിച്ച് സിപിഒ ഉദ്യോഗാർത്ഥികൾ സമരം ചെയ്യുമ്പോഴാണ് പ്രതികൾക്കുള്ള സംരക്ഷണം. പ്രതികളുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒളിച്ചുകളി.

ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കോപ്പിയടിയിലൂടെ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറുമായി ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. 

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 

click me!