റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീരുമോ? ഉദ്യോഗസ്ഥതല ചർച്ചയ്ക്ക് സമ്മതിച്ച് സമരക്കാർ

By Web TeamFirst Published Feb 20, 2021, 2:13 PM IST
Highlights

എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നു

തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോ​ഗസ്ഥതല ചർച്ച തുടങ്ങി. എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. 

എൽ.ജി.എസ്, സി.പി.ഒ വിഭാ​ഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോ​ഗസ്ഥരോ ആരെങ്കിലും ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. അതുകൊണ്ട് തന്നെ ഉദ്യോ​ഗസ്ഥതല ചർച്ച എന്ന തീരുമാനത്തോട് അവർ സംതൃപ്തരാണ്. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ചാണ് ചർച്ച. 26 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനപ്പെട്ടൊരു ചർച്ച നടക്കുന്നത്. 

അതേസമയം, ഉദ്യോ​ഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തി. കേരളത്തിൽ ഉദ്യോ​ഗസ്ഥഭരണമാണോ എന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ വിമർശനം. ജനപ്രതിനിധികളോ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇടപെട്ട് ചർച്ച നടത്തേണ്ടതല്ലേ എന്നാണ് അവരുടെ ചോദ്യം. എന്തുതന്നെയായാലും ഈ ചർച്ചയുടെ പുരോ​ഗതി വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി.

click me!