
തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ (P T Thomas) മൃതദേഹവും വഹിച്ചുളള വിലാപ യാത്ര തൊടുപുഴയും മൂവാറ്റപുഴയും പിന്നിട്ട് കൊച്ചിയിലേക്ക്. വിലാപയാത്ര തൊടുപുഴയിലും മൂവാറ്റുപുഴയിലും എത്തിയപ്പോൾ ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മുദ്രാവാക്യം വിളികളോടെയാണ് പിടിയെ തൊടുപുഴ സ്വീകരിച്ചത്. കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖർ തൊടുപുഴയിൽ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നൽകി. പൊതുദർശനത്തിന് ശേഷം മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈകിയതിനാൽ കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയം അന്തിമോപചാരം അർപ്പിക്കാം. എറണാകുളം ഡിസിസിയിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും.
ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മതപരമായ ചടങ്ങുകൾ ഒഴിവാക്കി, വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
ഭരണപക്ഷത്തെ കടന്നാക്രമിച്ച് എംഎല്‍എ ഹോസ്റ്റലിലെ 403ാം നമ്പര്‍ മുറിയിലെ പിടിയുടെ അവസാന കുറിപ്പുകള്‍
കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്കായി പി ടി തോമസിനെ വെല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ മരണത്തിന് കീഴടങ്ങി. പുലർച്ചെ നാലരയോടെയാണ് പി ടി തോമസിന്‍റെ മൃതദേഹം ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം സമയം ഉപ്പുതോടിലെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു.
PT Thomas: ശൂന്യതയില്‍നിന്നുപോലും ആള്‍ക്കൂട്ടത്തെ ഉണ്ടാക്കും; അപ്പുറത്ത് കരുണാകരനായാലും മല്ലടിക്കും!
പിടി തോമസിന് അർബുദം ബാധിച്ച വിവരം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നിരുന്നാലും അദ്ദേഹം തിരിച്ചു വരും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ആ ആത്മവിശ്വാസമാണ് അദ്ദേഹവും എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam