പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റില്‍, വഞ്ചന കുറ്റം ചുമത്തി

By Web TeamFirst Published May 31, 2023, 11:54 PM IST
Highlights

പരാതിക്കാരന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. എബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചന കുറ്റവും ചുമത്തിയിട്ടുണ്ട്.

വയനാട്: പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അറസ്റ്റ് പുൽപ്പള്ളി പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് രേഖപ്പെടുത്തിയത്. എബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചന കുറ്റവും ചുമത്തിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ  എബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർദ്ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. 

അതിനിടെ, ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്  സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദ്ദേശം നൽകി. കേസ് കൽപറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും.

Also Read: വായ്പാ തട്ടിപ്പിൽ കർഷകന്‍റെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ  രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ച ജീവനൊടുക്കിയത്. രാജേന്ദ്രന്‍റെ പേരിൽ രണ്ട് വായ്പകളിലായി 46.58 ലക്ഷം തിരിച്ചടക്കാനുണ്ട്. രാജേന്ദ്രനെ കബളിപ്പിച്ച് വായ്പ എടുത്തുവെന്നാണ് ആരോപണം. 2016 ൽ രാജേന്ദ്രന്‍റെ വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!