വായ്പാ തട്ടിപ്പിൽ കർഷകന്‍റെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published May 31, 2023, 10:38 PM IST
Highlights

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ  രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ച ജീവനൊടുക്കിയത്.

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്  സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദ്ദേശം നൽകി. കേസ് കൽപറ്റയിൽ നടക്കുന്ന അടുത്ത  സിറ്റിംഗിൽ പരിഗണിക്കും.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ  രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ച ജീവനൊടുക്കിയത്. രാജേന്ദ്രന്‍റെ പേരിൽ രണ്ട് വായ്പകളിലായി 46.58 ലക്ഷം തിരിച്ചടക്കാനുണ്ട്. രാജേന്ദ്രനെ കബളിപ്പിച്ച് വായ്പ എടുത്തുവെന്നാണ് ആരോപണം. 2016 ൽ രാജേന്ദ്രന്‍റെ വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. സംഭവത്തില്‍ പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Also Read: പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ

ആറ് വർഷം മുൻപാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഭൂമി പണയം വെച്ച് എൺപതിനായിരത്തോളം രൂപ രാജേന്ദ്രൻ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ  2019 ൽ  ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.  25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസിൽ. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രൻ അറിയുന്നത്. അന്നത്തെ കോൺഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാൽ ബാങ്കിൽ പണയം വെച്ച ഭൂമി വിൽക്കാൻ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് 55 വയസുകാരനായ രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!