മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ ജയിലിലേക്ക് മാറ്റി

By Web TeamFirst Published Jul 22, 2022, 6:11 PM IST
Highlights

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചിരുന്നു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇവിടെ നിന്ന് ഇയാൾ റിമാന്റ് തടവിൽ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയിൽ വെച്ചോ കോടതിയിൽ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.

നടിയെ  ആക്രമിച്ച കേസിൽ അനുബന്ധ  കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അങ്കമാലി മാജിസ്‌ട്രേറ്റ് അവധിയായതിനാൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് ഇത് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. 

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കും ഒടുവിലാണ് ക്രൈം ബ്രാ‌ഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപട്ടികയിൽ വന്ന ഏക പ്രതി. 

തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസിൽ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചു. 2017ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന  സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. 

ഫോണിൽ 2017 നംവബർ 30 ന് സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയാണ് എന്നതിന്‍റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കാവ്യാ മാധവനെ ഗൂഢാലോചനയിൽ പ്രതിയാക്കാൻ തെളിവില്ല. അതുകൊണ്ട് സാക്ഷിയാക്കിയാണ് ഉൾപ്പെടുത്തിയത്. കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് ര‌ഞ്ജുരഞ്ജിമാരെ സാക്ഷികളാക്കി. കാവ്യയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റായിരുന്കനു ഇവർ. 

അതേസമയം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈാം ബ്രാ‌ഞ്ച് ആരോപിച്ച അഭിഭാഷകർക്കെതിരെ സാക്ഷിയോ പ്രതിയോ ആക്കാതെയാണ് കുറ്റപത്രം. ഇവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരുടെ നിർദ്ദേശ പ്രകാരം തെളിവ് നശിപ്പിച്ച ഹാക്കർ സായ് ശങ്കർ, മഞ‌്ജു വാര്യർ, ദിലീപിന്‍റെ മുൻ വീട്ടുജോലിക്കാരൻ ദാസൻ, പൾസർ സുനിയുടെ അമ്മ അടക്കം കേസിൽ സാക്ഷികളാണ്.

click me!