
തിരുവനന്തപുരം: ഇന്ന് പള്‍സ് പോളിയോ ദിനമാണ്. ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയാണ് ഇന്ന് നടക്കുന്നത്.
അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബർ 12, 13, 14 തീയതികളിൽ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബർ 12 ,13, 14 തീയതികളിൽ പ്രവർത്തിക്കും.
ഒക്ടോബർ 12-ന് ബൂത്തുകളില്‍ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്‍റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ. ആശാ രാഘവാന്‍, ഡോ. സൈറ ഭാനു, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ച് വയസ്സിൽ താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകേണ്ടതുണ്ട്. എല്ലാ രക്ഷാകർത്താക്കളും അഞ്ച് വയസ് വരെയുളള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam