‘മെക്കിട്ട് കയറിയാൽ പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും, സ്വസ്ഥത കളയാൻ അറിയാം’; ഭീഷണിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്

Published : Oct 12, 2025, 03:22 AM IST
Mohammed Shiyas threatens police

Synopsis

കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഭീഷണിപ്പെടുത്തി. തെമ്മാടിത്തം കാണിക്കുന്നവരെ വഴിനടത്തില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കൊച്ചി: കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. അതിലുണ്ടാകുന്ന കേസ് കോടതിയിൽ നോക്കാം. പൊലീസ് ഉദ്യോഗസ്ഥർക്കും മക്കളും കുടുംബവും ഉണ്ട്. വീട്ടിലേക്ക് മാർച്ച് നടത്താനും സ്വസ്ഥത കളയാനും കോൺഗ്രസ് പ്രവർത്തകർക്ക് കഴിയും. തെമ്മാടിത്തം കാണിക്കുന്നവരെ വഴിനടത്തില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുൻപിലായിരുന്നു ഷിയാസിന്‍റെ ഭീഷണി പ്രസംഗം.

പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

അതിനിടെ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികൾതുടരാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമായി മര്‍ദനത്തിന് നേതൃത്വം നല്‍കി ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തന്നെ മാര്‍ച്ച് നടത്തുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ വ്യക്തമാക്കി.

അതേസമയം പൊലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ചൊവ്വാഴ്ചയാണ് രാഷ്ട്രീയ വിശദീകരണ യോഗം.

ഷാഫിയുടെ മൂക്കിൽ രണ്ടിടത്ത് പൊട്ടൽ

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടത് ഭാഗത്തും വലത് ഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐ സി യുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ഇന്നലെ പലയിടത്തും പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. അരമണിക്കൂർ നേരം കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പൊലീസും ഇടപെട്ട് തടഞ്ഞു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലം ചടയമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം ചങ്ങനാശേരിയിൽ എം സി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും