
പാലക്കാട്: നാലു വർഷത്തെ പ്രണയത്തിനും വെറും ഒന്നര വർഷത്തെ വിവാഹ ജീവിതത്തിനും ഒടുവിൽ പാലക്കാട് ശ്രീകൃഷ്ണപുരത്ത് വൈഷ്ണവിയെ ക്രൂരമായി കൊലപ്പെടുത്തി ദീക്ഷിത്. വ്യാഴാഴ്ച രാത്രി 12.30ന് മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്‍റെ ഫോണിലേക്ക് ഒരു കോൾ. മറുതലയ്ക്കൽ മരുമകൻ ദീക്ഷിത്. വൈഷ്ണവിക്ക് സുഖമില്ല. അബോധാവസ്ഥയിലാണ്. പാലക്കാട്ടെ കാട്ടുകുളത്തെ വീട്ടിലേക്ക് ഉടൻ വരണം. ഭാര്യക്കും ബന്ധുവിനുമൊപ്പം സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.
മകൾക്ക് അനക്കമില്ല. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്. അസ്വാഭാവികതകളൊന്നുമില്ലാതെ ദീക്ഷിതും ഒപ്പം വന്നു. പരിശോധനയിൽ വൈഷ്ണവി മരിച്ചെന്ന് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അസ്വാഭാവിക മരണത്തിന് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. വൈഷ്ണിയുടെ മരണ കാരണം ശ്വാസംമുട്ടിച്ചതാണെന്ന് കണ്ടെത്തിയതോടെ ഭർത്താവ് ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഏവരേയും ഞെട്ടിച്ച് കുറ്റസമ്മതം.
നാലു വർഷത്തെ പ്രണയം, പിന്നാലെ ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. മാതാപിതാക്കൾ വിദേശത്തായതിനാൽ ദീക്ഷിതും വൈഷ്ണവിയും മാത്രമാണ് കാട്ടുകുളത്തെ വീട്ടിൽ താമസം. വിവാഹ ശേഷം വാഹനാപകടത്തിൽ ദീക്ഷിതിന് ഗുരുതര പരിക്കേറ്റിരുന്നു. ശാരീരിക അവശതകൾ അലട്ടി. ജോലിക്ക് പോകാൻ പറ്റാതായി. ഇതിനിടയിൽ ഇരുവർക്കിടയിലും പ്രശ്നങ്ങളുണ്ടായി. സംഭവം നടന്ന അന്ന് രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെയായിരുന്നു അതിക്രൂര കൊലപാതകം. ബെഡ്ഷീറ്റ് വായിലേക്ക് തിരുകി മൂക്ക് പൊത്തി ശ്വാസം മുട്ടിച്ചാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ദീക്ഷിത് വൈഷ്ണവിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ദീക്ഷിതിനെതിരെ കൊലപാതക കുറ്റം ചുമത്തി. പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമ പ്രകാരവും കേസെടുത്തു.
അപകടത്തിൽപ്പെട്ട ശേഷം സൂക്ഷ്മമായ കാര്യങ്ങൾ ചെയ്യാനോ, പേന പോലും ശരിയായി പിടിച്ച് എഴുതാനോ പരിമിതിയുള്ള ആളാണ് ദീക്ഷിത്. എന്നാൽ ശാരീരിക അവശതകൾ പോലും മറികടന്നാണ് ക്രൂരകൃത്യം ചെയ്തത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.