
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകള്‍ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജുവിന്റെ മൊഴി. പറവൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.
2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്. വി ഡി സതീശൻ്റെ വിദേശ യാത്രയും അന്വേഷണ പരിധിയിലുണ്ട്. വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി ആരോപിച്ച് 2021ൽ സർക്കാരിന് പരാതി നൽകിയിരുന്ന സിപിഐ നേതാവ് പി രാജുവിൻ്റെ മൊഴി തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് വിജിലൻസ് രേഖപ്പെടുത്തി. പുനർജനി പദ്ധതി കൂടാതെ പിറവം മണ്ഡലത്തിലെ കോടതി സമുച്ചയ നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി രാജു മൊഴി നൽകി.
Also Read: നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിൽ സിപിഎമ്മും കുരുക്കിൽ; തെളിയുന്നത് ഉന്നത ഇടപെടൽ
രണ്ട് ട്രസ്റ്റുകളുടെ അക്കൗണ്ട് വഴിയാണ് വിദേശ പണം എത്തിയതെന്നാണ് പരാതിക്കാർ നൽകിയിട്ടുള്ള മൊഴി. ഇന്നലെയും രണ്ട് പേരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ ട്രസ്റ്റുകളുടെ അക്കൗണ്ടുകളുടെയും പുനർജനി പദ്ധതിക്കായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇതിൻ്റെ വിവരങ്ങളും വിജിലൻസ് തേടും. പുനജന പദ്ധതി വി ഡി സതീശൻ എംഎൽഎ മാത്രം വിഭാവനം ചെയ്ത പദ്ധതിയായിരുന്നോ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും പങ്കാളി ആയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടർക്ക് വിജിലൻസ് കത്ത് നൽകി. പരാതിക്കാരുടെ മൊഴി പരിശോധ ശേഷം സ്ഥലപരിശോധനയും നടത്തിയിട്ടാകും സതീശിനിൽ നിന്നും മൊഴിയെടുക്കുക. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിൻ്റെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...