പ്രവേശന സമയപരിധി കേരള സർവ്വകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതും അനുസരിച്ചായിരുന്നു നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ പറഞ്ഞതോടെ ഉന്നത ഇടപെടൽ കൂടുതൽ തെളിഞ്ഞു.
ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മും കുരുക്കിൽ. പാർട്ടി നേതാവിന്‍റെ ഇടപെടൽ കാരണമാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സിപിഎമ്മും വെട്ടിലായത്. പ്രവേശന സമയപരിധി കേരള സർവകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെയും തുടർന്നാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ വെളിപ്പെടുത്തിയതോടെ ഉന്നത ഇടപെടൽ നടന്നെന്ന സംശയം കൂടുതൽ ബലപ്പെട്ടു.
നേതാവിന്‍റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് എംഎസ്എം കോളേജ് മാനേജറുടെ പ്രതികരണം. നിഖിലിൻ്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതൽ സജീവമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നു. അതേസമയം, ബാബുജാനാണോ ശുപാർശ ചെയ്തതെന്ന ചോദ്യത്തിൽ നിന്നും മാനേജർ ഒഴിഞ്ഞുമാറി. നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് വെട്ടിലായ എസ്എഫ്ഐയുടെ നീക്കത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. എന്നാൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുള്ള നിഖിലിനായി ശുപാർശ ചെയ്തതത് പാർട്ടി നേതാവാണെന്ന തുറന്ന് പറച്ചിലിൽ പാർട്ടി കടുത്ത സമ്മർദ്ദത്തിലായി. ശുപാർശ ചെയ്ത സിപിഎം നേതാവ് മാത്രമല്ല നിഖിലിൻ്റെ പ്രവേശനത്തിനായി ഇടപെട്ടതെന്നും സൂചനയുണ്ട്. പ്രവേശന തീയതി കഴിഞ്ഞശേഷം കോളേജിലെത്തിയ നിഖിലിനെ ആദ്യം തിരിച്ചയച്ചെന്ന് എംഎസ്എം കോളേജ് മുൻ പ്രിൻസിപ്പൽ പറയുന്നു. പിന്നീട് സർവകലാശാല തന്നെ പ്രവേശന തീയതി നീട്ടുകയും നിഖിൽ അപേക്ഷയുമായി എത്തുകയും ചെയ്തു. നിഖിലിന്റെ പ്രവേശനത്തിന് മാനേജ്മെൻ്റും ആവശ്യപ്പെട്ടെന്ന് മുൻ പ്രിൻസിപ്പൽ ഭദ്രകുമാരി പറഞ്ഞു.
Also Read: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ, കേസെടുത്ത് പൊലീസ്
നിഖിലിന് വേണ്ടി എംകോം പ്രവേശനത്തിനുള്ള സമയപരിധി നീട്ടിയത് കേരള സർവകലാശാല ചെയ്ത സൗകര്യങ്ങളിലൊന്ന് മാത്രമാണെന്നാണ് ആരോപണം. പരിശോധന കൂടാതെ വേഗത്തിൽ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയതും എംകോം പ്രവേശനത്തിന് ശേഷം കോളേജിൽ നിന്നയച്ച സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ രജിസ്ട്രേഷൻ നൽകിയതും ക്രമക്കേടായി ആരോപിക്കുന്നു. സ്വന്തം കോളേജിൽ ബികോം പാസ്സാകാതെ എംകോമിന് പ്രവേശനം നൽകിയ എംഎസ്എം കോളേജും നിഖിലിനെ സഹായിച്ചു. പലതട്ടിലെ പലരുടെയും വഴിവീട്ട നീക്കങ്ങളുടെ പരമ്പരകളാണ് നിഖിലിന്റെ പ്രവേശനത്തിൽ കാണുന്നത്. ചട്ടങ്ങളെല്ലാം മറികടന്ന് നിഖിലിന്റെ എംകോം പ്രവേശനത്തിനായി ആസൂത്രിത നീക്കമാണ് നടന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

