
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകൾ. പൂനെ സ്വദേശിയായ ബിസിനസുകാരൻ കേതൻ അഗർവാൾ (25) കൊല്ലപ്പെട്ട കേസിൽ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി, സഹായിയായ നീരജ് എന്നിവരെ പൂനെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ ചേതനുമായുള്ള ബന്ധം വീട്ടില്‍ അറിയിക്കുന്നതിനേക്കാൾ എളുപ്പം കേതനെ കൊലപ്പെടുത്തുകയായിരുന്നെന്ന് സിയ പൊലീസിനോട് പറഞ്ഞു. ആദ്യം ഒരു സാധാരണ അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച കേസ്, പോലീസിന്‍റെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് വലിയൊരു കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
ജൂൺ 18-നാണ് ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ 300 മുതൽ 400 അടി വരെ താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് മരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഫോട്ടോ ഷൂട്ടിനും ട്രെക്കിങ്ങിനുമായാണ് സിയയും കേതനും കോട്ടയിൽ എത്തിയത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് സിയ ആദ്യം പോലീസിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ അത്ര പെട്ടെന്ന് കാൽ വഴുതി വീഴില്ലെന്ന് കുടുംബം ആരോപിക്കുകയും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
കേതനുമായുള്ള വിവാഹത്തിന് സിയ മാനസികമായി തയ്യാറായിരുന്നില്ല. കാമുകനായ ചേതൻ ചൗധരിയുമായി ചേർന്ന് ജീവിക്കാൻ ഇവർ തീരുമാനിക്കുകയും കേതനെ തങ്ങളുടെ ജീവിതത്തിൽ നിന്നൊഴിവാക്കാൻ മാസങ്ങളോളം ഗൂഢാലോചന നടത്തുകയും ചെയ്തു. ഇതിനായി ഇരുവരും ചേർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 238 മണിക്കൂറിലധികം നീണ്ട 2000-ത്തോളം ഫോൺ കോളുകൾ ചെയ്തതായി പോലീസ് കണ്ടെത്തി.
ജൂൺ 18-ന് സിയയുടെ നിർബന്ധപ്രകാരമാണ് കേതൻ കോട്ട സന്ദർശിക്കാൻ എത്തിയത്. കൊലപാതക പ്ലാൻ അനുസരിച്ച് ചേതൻ ചൗധരിയും ഇവരെ രഹസ്യമായി പിന്തുടർന്നു. കടുത്ത വേനൽച്ചൂടായിരുന്നിട്ടും തിരിച്ചറിയാതിരിക്കാൻ ഹുഡി ധരിച്ചാണ് ചേതൻ എത്തിയത്. കോട്ടയിലെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സിയ നൽകിയ ആസൂത്രിത സിഗ്നൽ പ്രകാരം ചേതൻ കേതനെ മലയിടുക്കിലേക്ക് തള്ളിയിടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഫോറൻസിക് തെളിവുകളും പരിശോധിച്ച പോലീസ് ഒടുവിൽ പ്രതികളുടെ കുറ്റസമ്മതം രേഖപ്പെടുത്തി. കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam