അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടതാണ് നാട്ടുകരിൽ ഭീതി നിറച്ചിരിക്കുന്നത്
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടതാണ് നാട്ടുകരിൽ ഭീതി നിറച്ചിരിക്കുന്നത്. വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. പുലിയെ തുറന്നു വിട്ട ശേഷം തിരികെ വരികയായിരുന്ന വനപാലകരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയുംചെയ്തു. റാന്നി വനത്തിൽപുലിയെ തുറന്നുവിടാനായിരുന്നു തീരുമാനിച്ചതെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും കാരണം ശ്രമം ഉപേക്ഷിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വനപാലക സംഘം പുലിയെ രഹസ്യമായി അച്ചൻകോവിൽ ഉൾവനത്തിലെത്തിച്ച് തുറന്നു വിടുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഉച്ചയോടെ പുലിക്കൂടുമായി വനപാലകരുടെ വാഹനങ്ങൾ തിരികെ വരുന്നതു കണ്ടതോടെയാണു പുലിയെ വനത്തിൽ തുറന്നു വിട്ടതായ് നാട്ടുകാർ മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഇനി ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്നും ഡിഎഫ്ഒ തലത്തിൽ അടുത്ത ദിവസം സർവകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. ഇതോടെയാണു നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.


