പുതുജീവൻ ട്രസ്റ്റ് ആശുപത്രിക്ക് അംഗീകാരമില്ലെന്ന് എഡിഎമ്മിന്റെ റിപ്പോർട്ട്; കളക്ടറുടെ നടപടി ഇന്ന്

Web Desk   | Asianet News
Published : Mar 05, 2020, 07:32 AM ISTUpdated : Mar 05, 2020, 07:36 AM IST
പുതുജീവൻ ട്രസ്റ്റ് ആശുപത്രിക്ക് അംഗീകാരമില്ലെന്ന് എഡിഎമ്മിന്റെ റിപ്പോർട്ട്; കളക്ടറുടെ നടപടി ഇന്ന്

Synopsis

എട്ട് വർഷത്തിനിടെ 33 പേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എഡിഎം ശുപാർശ ചെയ്യുന്നുണ്ട്. ഇതിനായി ഡ്രഗ്സ് കൺട്രോളർ പരിശോധന നടത്തണം

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവൻ ആശുപത്രിക്ക്  സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016 മുതൽ 2021 വരെ പ്രവർത്തിക്കുന്നതിന് അതോറിറ്റി അനുമതി നൽകിയിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് 2019 ൽ അനുമതി റദ്ദാക്കിയിരുന്നു. പഴയ അനുമതിയുടെ പകർപ്പ് പ്രദർശിപ്പിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

എഡിഎം കളക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഗൗരവമേറിയ കണ്ടെത്തലുകൾ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് റിപ്പോർട്ടിലുണ്ട്. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

എട്ട് വർഷത്തിനിടെ 33 പേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എഡിഎം ശുപാർശ ചെയ്യുന്നുണ്ട്. ഇതിനായി ഡ്രഗ്സ് കൺട്രോളർ പരിശോധന നടത്തണം. ചികിത്സയിലെ പിഴവു മൂലമാണോ മരുന്നിന്റെ അമിത ഉപയോഗമാണോ എന്നതും പരിശോധിക്കണമെന്നും എഡിഎമ്മിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

എഡിഎമ്മിന്റെ റിപ്പോർട്ടിൽ എന്ത് നടപടി വേണമെന്ന് ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ പുതുജീവനിൽ 33 മരണങ്ങൾ ഉണ്ടായെന്ന് എഡിഎം അനിൽ ഉമ്മൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിശദാംശങ്ങളും, സ്ഥാപനത്തിനെതിരെ ഉയർന്ന പ്രദേശവാസികളുടെ പരാതികളും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ പായിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ നിയമോപദേശം തേടിയിട്ടുണ്ട്

ആശുപത്രി ഡയറക്ടര്‍ വി.സി.ജോസഫ് പായിപ്പാട് പഞ്ചായത്തിൽ തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകണം. കെട്ടിട നിർമാണം ക്രമവൽക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ