
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി ബിജെപി. യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും ലിജിൻ പറഞ്ഞിരുന്നു.
കോട്ടയം ജില്ലാ പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കി വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടത്. എന്നാല്‍, ഈ നീക്കം അമ്പേ പാളി. ഒരു റൗണ്ടില്‍ പോലും ആയിരം വോട്ട് തികയ്ക്കാൻ ലിജിൻ ലാലിന് സാധിച്ചില്ല. നാലാം റൗണ്ടില്‍ 750 വോട്ട് നേടിയതയാണ് ലിജിന്‍റെ മികച്ച പ്രകടനം. 11694 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എൻ ഹരി നേടിയിരുന്നത്. ഈ വോട്ടുകള്‍ പോലും പേരിലാക്കാൻ ലിജിന് സാധിച്ചില്ല. നിലവിലെ കണക്ക് പ്രകാരം ഇത്തവണ 6486 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പെട്ടിയിൽ വീണത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയമാണ് പേരിലെഴുതിയത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം.
2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല. ജെയ്ക്കിനേക്കാള്‍ പരിതാപകരമായ തോല്‍വിയാണ് ലിജിന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam