
കോട്ടയം : ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം പറഞ്ഞ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി, കഴിഞ്ഞ 7 വർഷം ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയിൽ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. ഏഴ് വർഷം മുൻപ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സർക്കാരെത്തിച്ചു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവർ ഹൈവേ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതെല്ലാം ഇടത് സർക്കാരിന്റെ വിജയമാണ്. ദേശീയ പാത വികസനത്തിന് 2011 ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് വികസനം പോരാ എന്ന് പറയുന്ന പുതുപ്പള്ളിയിലും സ്കൂളുകൾ നന്നായി.
പക്ഷേ കേരളത്തെ കേന്ദ്രം അവഗണിക്കുകയാണ്. നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നു. വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷം. പക്ഷേ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണ് കഴിയാത്തത് ? എല്ലാം ഒത്തുകളിയാണ്. യുഡിഎഫ് ബിജെപി ഒത്തുകളി. കിടങ്ങൂർ എടുത്ത് പറഞ്ഞ പിണറായി പ്രാദേശിക തെരെഞ്ഞെടുപ്പിൽ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam