
മലപ്പുറം: മകനെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് എംപി പി.വി അബ്ദുൽ വഹാബ്. മകന് താടി ഉണ്ടായിരുന്നത് കൊണ്ടാണോ എംപിയുടെ മകനാണ് എന്നറിഞ്ഞിട്ടും വസ്ത്രമുരിഞ്ഞ് പരിശോധിച്ചതെന്ന് വഹാബ് ചോദിച്ചു. ആ മാസം ഒന്നാം തീയതി ശ്രീകാന്ത് എന്ന സുഹൃത്തിന്‍റെ വിവാഹത്തിനായി വിദേശത്ത് പോയി വന്നപ്പോഴാണ് അബ്ദുല്‍ വഹാബ് എംപിയുടെ മകന്‍ ജാവിദ് അബ്ദുല്‍ വഹാബിനെ കസ്റ്റംസ് വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
സംഭവത്തില്‍ കസ്റ്റംസിനെതിരെ വലിയ വിമര്‍ശനമാണ് എംപി നടത്തിയത്. സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും, കംപ്യൂട്ടറില്‍ ചിലപ്പോ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാകാം. പക്ഷേ മകന്‍റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ ഒന്ന് നോക്കാവുന്നതായിരുന്നു. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ട് ഒന്നുകൂടി ചെക്ക് ചെയ്തുവെന്നും അബ്ദുല്‍ വഹാബ് ആരോപിച്ചു.
എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും, മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയെന്നും വഹാബ് പറയുന്നു. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോയത്. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എക്സറേ പരിശോധനയിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ജാവിദിനെ വിട്ടയച്ചു.
അതേസമയം ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായതുകൊണ്ടാണ് ജാവിദ് അബ്ദുല്‍ വഹാബിനെ പരിശോധിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനു പരാതി നൽകി. സംഭവത്തില്‍ അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമീഷണർക്ക് നൽകിയ പരാതിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More : സ്വർണക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചു; എംപിയുടെ മകന്റെ വസ്ത്രമുരിഞ്ഞ് കസ്റ്റംസ് പരിശോധന, വിവാദം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam