കെഎം ഷാജിക്കെതിരെ വീണ്ടും വിജിലൻസ്; ചട്ടങ്ങൾ ലംഘിച്ചെന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

By Web TeamFirst Published Nov 6, 2022, 9:32 AM IST
Highlights

തന്റെ വാദം തെളിയിക്കാൻ ഷാജി സമർപ്പിച്ച രേഖകൾ സഹിതമാണ് ഇപ്പോൾ വിജിലൻസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ട്‌ സ്വീകരിച്ചത്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്‌. തെരഞ്ഞെടുപ്പ് കമ്മീഷന് വിജിലൻസ് റിപ്പോർട്ട് നൽകി. കെഎം ഷാജി കോടതിയിൽ സമർപ്പിച്ച രേഖകൾ സഹിതമാണ് റിപ്പോർട്ട് നൽകിയത്.

കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,55500 രൂപ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട്  കെ എം ഷാജി നല്‍കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനായി  കോടതിയില്‍ നല്‍കിയ രേഖകളാണ് ഷാജിക്ക് തന്നെ തിരിച്ചടിയായത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ വരവ് ചെലവ് കണക്കുകളില്‍ ആറ് ലക്ഷം രൂപയോളമാണ് പിരിച്ചെടുത്ത തുകയായി കാണിച്ചത്. പക്ഷേ തന്‍റെ പക്കല്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തതില്‍  46 ലക്ഷം രൂപയും തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് ഷാജി കോടതിയില്‍ വാദിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്. ഈ വസ്തുത നിലനിൽക്കെയായിരുന്നു ഷാജിയുടെ വാദം. തെര‍ഞ്ഞെടുപ്പ് ഫണ്ടായി പതിനായിരം രൂപയില്‍ താഴെ മാത്രമേ പണമായി സ്വീകരിക്കാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. ഷാജി കോടതിയില്‍ ഹാജരാക്കിയ കൗണ്ടര്‍ഫോയിലുകള്‍ പ്രകാരം 10000 രൂപ മുതല്‍ 20000 രൂപ വരെ പണമായി പിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഷാജി തന്നെ കോടതിയില്‍ നല്‍കിയ രേഖകളാണ് ക്രമക്കേടിന് തെളിവായി വിജിലന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. 

തെരഞ്ഞെടുപ്പിന്‍റെ പേരില്‍ 47 ലക്ഷം രൂപ സമാഹരിച്ച് സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗ നിര്‍ദേശങ്ങളുടെ  ലംഘനമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.വിജിന്‍സ് നല്‍കിയ റിപ്പോര്ട്ടില്‍ തെര‌ഞ്ഞെടുപ്പ് കമ്മീഷനാണ് ഇനി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.  വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം. കോടതി വിധി അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഷാജിക്ക് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലായിരുന്നു  കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ഏപ്രിലില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്. 

click me!