വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍; 'പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍'

Published : Jan 04, 2026, 03:43 PM IST
pv anvar, vd satheesan

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വൈരാഗ്യ ബുദ്ധിയോടെ നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാറാണെന്നും പിവി അൻവര്‍

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനജനി പദ്ധതിയിൽ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നൽകിയ വിജിലന്‍സ് നീക്കത്തിൽ പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണയുമായ യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗം പിവി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വൈരാഗ്യ ബുദ്ധിയോടെ നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാറാണെന്നും പിവി അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ പ്രതിയോഗികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരും. ഇക്കാര്യം അറിയുന്ന ആളുകളിൽ മുൻപന്തിയിലാണ് താനെന്നും പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരായ ഏതു ആക്രമണത്തെയും നേരിടുമെന്നും പിവി അൻവര്‍ പറഞ്ഞു.

 യുഡിഎഫുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സ്ഥാനാര്‍ത്ഥിയോ പ്രവര്‍ത്തകനോ ക്യാമ്പയിനറോ എന്തുവേണമെങ്കിലും ആകാമെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് രാവിലെ പിവി അൻവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. യുഡ‍ിഎഫുമായി പിവി അൻവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കത്തിൽ പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. പിണറായിസവും വെള്ളാപ്പള്ളിയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ മഹത്തായ ഉപദേശങ്ങളും അഭംഗുരം തുടരട്ടെയെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടർ ലൂ ആയി പരിണമിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാമെന്നും പറഞ്ഞാണ് പിവി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

 

പിവി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

 

മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ "അദ്ദേഹത്തിന്‍റെ" പ്രതിയോഗികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരുമെന്ന എനിക്കറിയാത്തതാണോ?. ഒരുതരത്തിൽ കേരളത്തിൽ ഇക്കാര്യം അറിയുന്ന ആളുകളിൽ മുൻപന്തിയിൽ അല്ലേ എന്‍റെ സ്ഥാനം?. ഇടതുപക്ഷം വിട്ടതിനുശേഷം എനിക്കെതിരെ എത്ര കേസുകളാണ് ബോധപൂർവ്വം സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്യപ്പെട്ടത്. അവസാനം ഇഡിയും എത്തി. വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച് ഇഡിക്ക് കൈമാറുകയായിരുന്നു. എന്തൊരു ബുദ്ധിയാണ്. ഒമ്പതര കോടി രൂപ ലോണെടുത്ത് അതിലേക്ക് അഞ്ചു കോടി 75 ലക്ഷം രൂപ തിരിച്ചടച്ചതിനുശേഷം സമീപകാലത്ത് അടവുകൾ മുടങ്ങിയപ്പോഴാണ് ഈ ചെയ്തി എന്നോർക്കണം. കേരളത്തിൽ ലോണെടുത്ത് അടവുകൾ മുടങ്ങുന്നവർക്കെതിരെ മുഴുവൻ വിജിലൻസ് കേസെടുത്ത് ഇഡിക്ക് കൈമാറുന്ന അവസ്ഥ ഒന്ന് ഓർത്തുനോക്കൂ. കഴിഞ്ഞ നാലര വർഷം പ്രതിപക്ഷ നേതാവ് അതേ കസേരയിൽ ഇരുന്നിട്ടും തോന്നാത്ത ഒരു അന്വേഷണ താൽപര്യം ഇപ്പോൾ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം എന്ന പ്രതിയോഗിയെ മുഖ്യമന്ത്രി ജനങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കുന്നത് പ്രതിപക്ഷത്തിന് എതിരെയാണ് എന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സമീപകാലത്ത് ഉണ്ടായ അന്വേഷണങ്ങളും അവയുടെ പുരോഗതിയും അറിയാൻ കേരള ജനതയ്ക്ക് താല്പര്യമുണ്ട് എന്ന കാര്യം ഈ അവസരത്തിൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ.

രാഷ്ട്രീയമായ പോരാട്ടങ്ങൾ,മത്സരങ്ങൾ അവയിലെ ജയവും പരാജയവും എല്ലാം തീർത്തും ആശയപരമായിരിക്കണം. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിനെതിരെ വൈരാഗ്യ ബുദ്ധിയോടെയും വ്യക്തി താൽപര്യങ്ങൾക്ക് അനുസൃതമായുമുള്ള നീക്കങ്ങളെ കേരളത്തിലെ ജനാധിപത്യ സമൂഹം വിലയിരുത്തും അതിന് തത്തുല്യമായ തിരിച്ചടിയും വരുന്ന തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വരും. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനുമെതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നേരിടാനും ചെറുത്തുതോൽപ്പിക്കാനും ഞാനും എന്‍റെ പ്രസ്ഥാനവും സദാസമയവും സജ്ജമായിരിക്കും എന്നതാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത്. രാജാവ് പ്രതിസന്ധിയിലാകുമ്പോൾ അതിർത്തിയിൽ യുദ്ധങ്ങൾ ഉണ്ടാകും എന്നത് കണക്കെ, ഈ സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ വാർത്തകളും കേസുകളും ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഇനിയും ഉണ്ടാകും എന്ന് തിരിച്ചറിയാൻ വിവേകമുള്ള സമൂഹമാണ് കേരളം. ജനങ്ങളിലേക്ക് കുറുക്കുവഴികളില്ല എന്ന് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പിണറായിസവും,വെള്ളാപ്പള്ളിയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ മഹത്തായ ഉപദേശങ്ങളും അഭംഗുരം തുടരട്ടെ. 2026 നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടർ ലൂ ആയി പരിണമിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം.

-പിവി അൻവർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുനലൂർ പിടിക്കാൻ നീക്കമാരംഭിച്ച് കോൺഗ്രസ്, യുഡിഎഫ് കൺവീനറിനെ മത്സരിപ്പിക്കാൻ ആലോചന
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശനെ ഒപ്പം കൂട്ടാൻ ബിജെപി; പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി