'വരന്‍ തന്‍റെ വിദ്യാര്‍ത്ഥി',വധുവിന്‍റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ല: ബിന്ദു

By Web TeamFirst Published Nov 16, 2021, 5:11 PM IST
Highlights

ജാതിക്ക് അതീതമായി പ്രണയവിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളില്‍ താന്‍ ഇനിയും പങ്കെടുക്കും. വധുവിന്‍റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. 

തൃശ്ശൂര്‍: കരുവന്നൂർ കേസ് (Karuvannur Bank Case) പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (R Bindu). സഹപ്രവർത്തകയുടെ മകന്‍റെ കല്ല്യാണത്തിനാണ് താൻ പങ്കെടുത്തത്. വരൻ തന്‍റെ വിദ്യാർഥിയാണ്. 20 വര്‍ഷമായി ആ കുടുംബത്തെ അറിയാം. പാര്‍ട്ടി കുടുംബമാണ്. ജാതിക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളില്‍ താന്‍ ഇനിയും പങ്കെടുക്കും. വധുവിന്‍റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 12 മുൻ ഭരണസമിതി അംഗങ്ങളിൽ ഇനി പിടികൂടാനുള്ള രണ്ടുപേരില്‍ ഒരാളായ അമ്പിളി മഹേഷിന്‍റെ മകളുടെ കല്ല്യാണത്തിനാണ് മന്ത്രി പങ്കെടുത്തത്. ഇരിങ്ങാലക്കുട മുരിയാട്  ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങ്. വരൻ്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി.  

തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ  ആക്ഷേപം ഉയർത്തിയിരുന്നു. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

 

click me!