കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 12 മുൻ ഭരണ സമിതി അംഗങ്ങളിൽ ഇനി പിടികൂടാനുള്ളത്  2 പേരെയാണ്. ഇതിൽ ഒരാളാണ് അമ്പിളി മഹേഷ്. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്

തൃശ്ശൂർ: ബാങ്ക് തട്ടിപ്പ് (Bank Fraud) കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ( R Bindu) പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Case) കേസിലെ പ്രതി അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

YouTube video player

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 12 മുൻ ഭരണ സമിതി അംഗങ്ങളിൽ ഇനി പിടികൂടാനുള്ളത് 2 പേരെയാണ്. ഇതിൽ ഒരാളാണ് അമ്പിളി മഹേഷ്. 
അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെയാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. 

ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങ്. വരൻ്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാരചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി. തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയിരുന്നു. 

പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.