
തിരുവനന്തപുരം : കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.
ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. മുതിർന്ന കേന്ദ്ര നേതാക്കൾ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്.
ശ്രീലേഖയെ സമാധാനിപ്പിക്കാനായി വമ്പൻ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റ് ഉൾപ്പെടെയുള്ള പദവികൾ നൽകുന്നത് പാർട്ടിയുടെ പരിഗണനയിലുണ്ട്. കൂടാതെ കേന്ദ്ര തലത്തിൽ മറ്റേതെങ്കിലും നിർണ്ണായകമായ ഉത്തരവാദിത്തങ്ങൾ നൽകി അവരെ സജീവമായി പാർട്ടിയിൽ നിലനിർത്താനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷ ഉറപ്പിച്ച് ബിജെപി. സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ നൂറംഗ കൗൺസിലിൽ അൻപത് കൗൺസിലർമാരുളള ബിജെപിക്ക് ഇതോടെ 51 പേരുടെ പിന്തുണയായി. വി വി രാജേഷാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥി. ജി എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നുണ്ട്. ആർ പി ശിവജി ഇടതുമുന്നണിക്കായും കെ എസ് ശബരീനാഥൻ യുഡിഎഫിനായും മത്സരിക്കും. എൽഡിഎഫിന് 29ഉം യുഡിഎഫിന് 19ഉം അംഗങ്ങളാണുളളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam