
തൃശ്ശൂർ: മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശ്ശൂർ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് നിയുക്ത മേയർ നിജി ജസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഗരസഭ ചുമതലയ്ക്കിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യില്ലെന്നും അവർ പറഞ്ഞു. തൃശ്ശൂർ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി പിങ്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam