സാവന്‍റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍

Published : May 17, 2025, 01:48 PM IST
സാവന്‍റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍

Synopsis

ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. ആലപ്പുഴയിൽ മരിച്ച സാവന് എവിടെ നിന്നാണ് പേവിഷബാധയേറ്റതെന്ന് പോലും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളെ നായകൾ ആക്രമിക്കാൻ കാരണമെന്താണ്? പേവിഷകേസുകൾ കൂടുന്നത് എന്തുകൊണ്ട്? കടിയേറ്റാൽ അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ? ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ തുടരുന്നു... 'പട്ടിയുണ്ട്, പ്രാണനെടുക്കും'.

ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങൾ. ആലപ്പുഴയിലെ സാവൻ, പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, ഏറ്റവും ഒടുവിൽ കൊല്ലത്തെ നിയ. അഞ്ച് മാസത്തിനിടെ പേവിഷബാധ മൂലം കേരളത്തില്‍ നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങളെയാണ്. കൊച്ചുമക്കൾക്ക് കാവലിരുന്നതാണ് നൂറനാട്ടെ റിട്ട അധ്യപക ദമ്പതികളായ കൊച്ചുകുഞ്ഞും സരസമ്മയും. സ്കൂളിലേക്കും തിരിച്ചുമുള്ള വഴിയിലെല്ലാം മുത്തച്ഛനും മുത്തശ്ശിയും ഒപ്പം നടന്നു. ഒരു പോറൽ പോലും എൽക്കാതെ നോക്കി. എന്നിട്ടും ഫെബ്രുവരിയിലെ ഒരു രാത്രി സാവൻ പനിച്ചുവിറച്ചു. പിച്ചുംപേയും പറഞ്ഞു. വായിൽ നിന്ന് നുരയും പതയും വന്നു. കാരണമന്താണെന്ന് അറിയാതെ വീട്ടുകാർ അന്ധാളിച്ചു. ആശുപത്രിയിലേക്കോടി. മൂന്നാം ദിനമാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 10ന് സാവൻ മരിച്ചു. ശരീരത്തിൽ ഒരു പോറൽ പോലുമില്ലായിരുന്നെന്ന് സാവന്റെ അച്ഛന്റെ അമ്മ സരസമ്മ പറയുന്നു. 

ചലിക്കുന്ന വസ്തുക്കളെ പിന്തുടരുന്നതാണ് നായകളുടെ രീതി. കൂട്ടം കൂട്ടിയാൽ അക്രമവാസന കൂടും. സ്ഥിരമായി ഒരിടത്ത് കൂട്ടം കൂടിയാൽ,
മറ്റാരെ കണ്ടാലും ആക്രമിക്കാൻ ശ്രമിക്കും. പേടിച്ചോടുമ്പോൾ പിന്തുടർന്ന് കടിക്കും. ഉയരം കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് പലപ്പോഴും
കടിയേൽക്കുന്നത് മുഖത്തും തലയിലുമുൾപ്പടെയാണ്. ഇത് ഞരമ്പിലേക്ക് ആഴ്ന്നിറങ്ങുന്ന കാറ്റഗറി 3 മുറിവുണ്ടാകാൻ സാധ്യതയേറേയാണ്.

വനത്തോട് ചേർന്നുള്ള മേഖലകളിൽ കുറുനരി, ചെന്നായ തുടങ്ങിയ വന്യജീവികളിൽ നിന്ന് നായകൾക്ക് പേവിഷബാധയേൽക്കാൻ സാധ്യയേറെയാണ്. ചൂട് കാലത്ത് ഇത് കൂടും. അടുത്തിടെ പേവിഷകേസുകൾ കൂടിയത് ഇതിന് തെളിവാണ്. അലക്ഷ്യമായി ഒറ്റയ്ക്ക് ഓടി നടന്ന്
കടിക്കുന്നതാണ് പേനായകളുടെ ഒരു ലക്ഷണം. രണ്ട് വർഷം വരെയാണ് റാബീസ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. നായകടിയേറ്റാൽ പേടി കാരണം കുഞ്ഞുങ്ങൾ വീട്ടിൽ പറയാത്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പേടി മാറ്റുക, പ്രാഥമിക ചികിത്സ കൃത്യമായി ഉറപ്പാക്കുക,  പ്രതിരോധ വാക്സിനുകൾ നിർബന്ധമായുമെടുക്കുക. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമുക്ക് മുന്നിലുള്ള വഴികൾ ഇതൊക്കെയാണ്.

നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ടത്....

  • കടിയേറ്റാൽ പ്രാഥമിക ചികിത്സ പ്രധാനം
  • 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
  • പിന്നെ മുറിവിന് അനുസരിച്ച് വാക്സിനും സിറവും കുത്തിവയ്ക്കണം
  •  പേടിച്ചരണ്ട കുഞ്ഞുങ്ങളിൽ ഇതെല്ലാം അതീവ ശ്രദ്ധയോടെ ചെയ്യണം
  • പ്രതിരോധ വാക്സിനുകൾ നിർബന്ധമായും എടുക്കുക
     

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ