
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത മുൻ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിൽ സാദിഖലി തങ്ങൾ പങ്കെടുത്തത് ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വഹാബികളുടെ പരിപാടികളിൽ പാണക്കാട് കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന പതിവില്ലെന്നും സാദിഖലി തങ്ങളുടെ പിതാവും, സഹോദരനുമൊന്നും ഇത്തരം പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ സമുദായത്തിൽ അപകടമുണ്ടാക്കും. അതിനുള്ള ഉത്തരം സാദിഖലി തങ്ങൾ പറയേണ്ടി വരുമെന്നും മുജാഹിദ് വിഭാഗം മേന്മയുള്ളവരാണെങ്കിൽ അവരെ ഇത്ര കാലം എന്തിനു അകറ്റി നിർത്തിയെന്നും ചോദിച്ചു.
താൻ താഴ്‌മയോടെ പഴയ കാര്യങ്ങൾ ഓര്‍മ്മപ്പെടുത്തുക മാത്രമാണെന്ന് പറഞ്ഞായിരുന്നു റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം. മുക്കം ഖുറാൻ സ്റ്റഡി സെന്ററിന്റെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയം ഉണ്ടാക്കാൻ വേണ്ടിയല്ല സമസ്ത ഉണ്ടാക്കിയത്. വഹാബികളിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് സമസ്ത ഉണ്ടാക്കിയത്.