
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാൻ കഴിയില്ലെന്നും രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. മുകേഷിനെതിരെ പരാതി നൽകിയ ആൾ ഇപ്പോൾ ജയിലിലാണ്. രാഹുലിനെതിരെ ഉയർന്നത് സമാനതകളില്ലാത്ത ആരോപണമാണ്. ഇതെല്ലാം സാമാന്യവൽക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരുമെന്നും രാഹുൽ വെറുക്കപ്പെട്ടവനായി മാറിയെന്നും വികെ സനോജ് പറഞ്ഞു. ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.
രാഹുലിനെ വെളുപ്പിച്ചെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ പരിഹസിച്ചു. സിപിഐ നേതാവിൻ്റെ പോസ്റ്റിലാണ് ഡിവൈഎഫ്ഐയുടെ പരിഹാസം. രാഹുലിനെ വെളുപ്പിച്ച് എടുക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പെയ്ഡ് പോസ്റ്റുകൾ ഇറക്കുന്നുവെന്ന് സനോജ് രൂക്ഷഭാഷയിൽ വിമർശിച്ചു. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്നും സനോജ് പറഞ്ഞു.