
തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സൈബർ സംഘത്തിനുമെതിരെ ഗുരുതരമായ പരാതികളുമായി അതിജീവിത. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇ-മെയിൽ വഴിയാണ് രാഹുലിനെതിരെ പരാതിപ്പെട്ട മൂന്നാമത്തെ അതിജീവിത പരാതി നല്‍കിയത്. കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്‍റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അതിജീവിത ആരോപിക്കുന്നു.
കേസ് കോടതിയിലായിരിക്കെ, സമ്മതമില്ലാതെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഇത് ഇരകളെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചത്. ഇപ്പോഴും പാർട്ടി അനുഭാവികളായ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്.
വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെനി നൈനാൻ, അതിജീവിതമാരെ മോശക്കാരായി ചിത്രീകരിക്കാനും അവരെ നിശബ്‍ദരാക്കാനും നേതൃത്വം നൽകുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത ഫെനിയുടെ ഈ പ്രവർത്തനങ്ങൾ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് ഈ സംഭവങ്ങൾ സമൂഹത്തിന് നൽകുന്നത്. ഇതിലൂടെ വരാനിരിക്കുന്ന തലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാകുകയാണെന്ന് അതിജീവിത പറഞ്ഞു.
സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അതിജീവിതയും പ്രധാന ആവശ്യം. അതിജീവിതമാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതികളെയും അവരുടെ സംഘത്തെയും തടയണം, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണം എന്നീ ആവശ്യങ്ങൾക്കും പരാതിക്കാരി ഉന്നയിച്ചു.
"ഞങ്ങൾ കടന്നുപോകുന്നത് വിവരണാതീതമായ ട്രോമയിലൂടെയാണ്. മാനം കാക്കാനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങളുടെ മാത്രം നിലനിൽപ്പിന് വേണ്ടിയല്ല, മറിച്ച് സ്ത്രീകളുടെ മാന്യതയ്ക്കും വരുംതലമുറയ്ക്കും വേണ്ടിയുള്ളതാണ്" അതിജീവിത പറഞ്ഞു. നേരത്തെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെങ്കിലും, അണിയറയിൽ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സൈബർ സെല്ലിനും ഉന്നത പൊലീസ് അധികൃതർക്കും ഇത് സംബന്ധിച്ച വിശദമായ പരാതി അതിജീവിത കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam