
കല്‍പറ്റ: ലോകം മുഴുവൻ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെ കൊണ്ട് വയനാടിന് ഒരു ഗുണവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുൽ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടിൽ ചെയ്തത്? ലോകം മുഴുവൻ ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് വയനാട്ടുകാർക്ക് ഒരു ഗുണവുമില്ല. രാഹുലിനേക്കാൾ തിരക്കുള്ള പ്രധാനമന്ത്രി വാരാണസിയുടെ വികസനത്തിന് ചെയ്തതിന്‍റെ നൂറിൽ ഒന്ന് അദ്ദേഹം ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ആസ്പിരേഷൻ ജില്ലയാണ്. കേന്ദ്ര ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രണ്ട് തവണ വന്ന് വയനാടിന്‍റെ വികസനത്തിന് വേണ്ടി ചർച്ച നടത്തി. എന്നാൽ രാഹുൽ ഒരു തുടർ യോഗത്തിലും പങ്കെടുത്തില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ആദർശ് ഗ്രാം പദ്ധതിയിലെ പഞ്ചായത്ത് എവിടെയാണ്? ലോകം മുഴുവൻ ബന്ധങ്ങളുള്ള രാഹുലിനെ കൊണ്ട് വയനാട്ടുകാർക്ക് എന്ത് പ്രയോജനം? എല്ലാ കേന്ദ്രമന്ത്രിമാരും ആഴ്ച്ചയിൽ ഒരിക്കൽ സ്വന്തം മണ്ഡലത്തിൽ പോകും. പ്രധാനമന്ത്രി പോലും രണ്ട് മാസത്തിൽ ഒരിക്കൽ സ്വന്തം മണ്ഡലത്തിൽ പോകും. രാഹുൽ മാത്രമാണ് മണ്ഡലത്തെ അവഗണിക്കുന്നത്.
അമേത്തിയിൽ പരാജയപ്പെടുത്തിയ പോലെ രാഹുലിനെ വയനാട്ടിലും പരാജയപ്പെടുത്തണം. സിപിഐ എന്തിനാണ് വയനാട്ടിൽ മത്സരിക്കുന്നത്? വികസനവിരോധിയായ രാഹുലിനെ പരാജയപ്പെടുത്താൻ സിപിഐ മാറി നിൽക്കണം. എൻഡിഎ ശക്തമായ മത്സരം നടത്തും. ഐൻഡി മുന്നണിയിലെ പ്രധാന നേതാവിനെ പരാജയപ്പെടുത്താൻ എൽഡിഎഫ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam