
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടികളുമായി രാഹുൽ ഈശ്വർ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിന് കാരണമായ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത 108ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
ദീപക്കിന്റെ കുടുംബത്തിന് പൂർണ്ണമായ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് രാഹുൽ ഈശ്വർ പരാതിയിൽ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്നും, ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വസ്തുതകൾ പരിഗണിച്ച് യുവതിക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മെൻസ് കമ്മീഷൻ ആക്ടിവിസ്റ്റ് എന്ന നിലയിൽ ദീപക്കിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ടീം രാഹുൽ ഈശ്വർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഏഴ് വർഷമായി സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന ദീപക്കിന് ഇതുവരെ പരാതികളോ കേസുകളോ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ റീച്ച് ലഭിക്കാൻ വേണ്ടി യുവതി നടത്തിയ കണ്ടന്റ് ക്രിയേഷൻ ആണോ ഇതെന്നും സുഹൃത്തുക്കൾ സംശയം പ്രകടിപ്പിക്കുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താൻ നേരിട്ട ദുരനുഭവം കാരണമാണ് വീഡിയോ എടുത്തതെന്ന് യുവതി വിശദീകരിക്കുന്നു. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ മറ്റൊരു പെൺകുട്ടിയോട് ദീപക് മോശമായി പെരുമാറുന്നത് കണ്ടുവെന്നും പിന്നീട് തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചപ്പോഴാണ് വീഡിയോ പകർത്തിയതെന്നുമാണ് യുവതിയുടെ നിലപാട്. ദീപക്കിന്റെ മരണം സങ്കടകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
'പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂര്‍ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ, എനിക്ക് മനസിലായി, ഭയങ്കര ഡിസ്കംഫര്‍ട്ടായിട്ടാണ് നിൽക്കുന്നതെന്ന്. ഞാൻ അവരോട് ഒന്നും ചോദിച്ചില്ല, ഞാൻ ഫോൺ കാമറ ഓണാക്കി പിടിച്ചു. എന്നാൽ ഞാൻ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു, അപ്പോഴേക്കും ബസ് സ്റ്റാൻഡിലേക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, പിന്നെയും വീഡിയോ ഓൺ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നിൽ ഞാനാണ് ഉണ്ടായിരുന്നത്. എന്റെ ശരീരത്തിലേക്ക് അയാളുടെ കൈ തൊടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയിൽ കാണാം. ഒരിക്കൽ മാറി നിന്നു. അയാൾ വീണ്ടും അത് ആവര്‍ത്തിച്ചു. പിന്നീട് എന്താ ചേട്ടാ കാണിക്കുന്നത് എന്ന ചോദിച്ചപ്പോൾ അയാൾ വേഗത്തിൽ നടന്നുപോയി. പിന്നീട് വടകര സ്റ്റേഷനിൽ പരിചയമുള്ള ഒരു പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അഡ്രസ് പറയാനാണ് പറഞ്ഞത്. അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയക്കണമെന്നും ഞാൻ വീഡിയോക്കൊപ്പം കുറിച്ചിരുന്നു. എന്റെ കാര്യത്തിൽ തന്നെ 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തന്നെ തൊടാൻ ശ്രമിക്കുകയാണ് ചെയ്ത്. അയാളുടെ മരണ വിവരം അറിഞ്ഞതിൽ സങ്കടമുണ്ട്'- യുവതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam