
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂർ ജാമ്യ ഹര്‍ജി, സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാൽ ജഡ്ജി ഇന്ന് അവധിയായതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യത.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജയിലിൽ അയച്ചത് മുതൽ നിരാഹാരത്തിലാണ് രാഹുൽ ഈശ്വർ. പൊലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിന്‍റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച് രാഹുലിന് ഡ്രിപ്പ് നൽകിയിരുന്നു. പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണക്കേസുകളിൽ പൊതുവെ പൊലീസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുൽ ഈശ്വരന്‍റെ കാര്യത്തിൽ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഈശ്വറിനെതിരായ കേസിൽ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് മുന്നോട്ടുപോകുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam