
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് എടുത്തതെന്ന് ഷാഫി പറമ്പിൽ. തന്നെ പറയുന്നതിന്‍റെ കാര്യവും കാരണവും എല്ലാവർക്കും അറിയാമെന്നും അതിലൊന്നും പ്രയാസമില്ലെന്നും ഷാഫി പറഞ്ഞു. മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല. ഇത്തരത്തിലുള്ള എത്ര പേർ സിപിഎമ്മിൽ ഉണ്ടെന്ന് എല്ലാവർക്കുമറിയാം. എന്ത് നടപടിയാണ് എടുത്തതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും ഒളിവിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പൊലീസ് സംഘം രാഹുലിനായി നാടെങ്ങും തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. എട്ടാം ദിവസം പിന്നിടുന്ന ഒളിവ് ജീവിതത്തിനിടെ പല തവണ മൊബൈൽ ഫോണും കാറും രാഹുൽ മാറി. എം എൽ എയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ മാങ്കൂടത്തിൽ പാലക്കാട് നിന്ന് മുങ്ങിയതാണ്. സി സി ടി വി ക്യാമറകൾ ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ് രാവിലെ ഇവിടെ നിന്ന് മുങ്ങി. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് മാറുന്നു. എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബെംഗളൂരുവിലേക്ക്. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി.
പൊലീസിൽ നിന്ന് വിവരം ചോരുന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണ സംഘം കൂടുതൽ ജാഗ്രതയിലായി. മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിൻ്റെ മൊബൈൽ ഫോണുകൾ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കും പേഴ്സണൽ അസിസ്റ്റന്‍റിനും ഒപ്പമാണ് രാഹുൽ പാലക്കാട് വിട്ടിരുന്നത്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് പൊലീസിൻ്റെ ശ്രമം.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഷാഫി പറമ്പിലും കൈവിട്ടിരിക്കുകയാണ്. പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനൽ സ്വഭാവം ഉള്ള പരാതി രേഖാ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.