
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാൻഡ് ചെയ്തത്. മോശം കമന്‍റിടുന്നവർക്ക് എതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് സൈബർ സെൽ ചുമതലയുള്ള എഡിജിപി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ 32ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിജീവിതയുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ പറയുന്നത് കുറ്റകരമാണ്. ഉത്തരവാദിത്വമില്ലാത്ത രീതിയിലുള്ള സമൂഹ മാധ്യമ ഇടപെടൽ എല്ലാവരും ഒഴിവാക്കണമെന്ന് എസ് ശ്രീജിത്ത് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മറ്റൊരാളുടെ സ്വകാര്യതാ ലംഘനത്തിന് ആർക്കും അവകാശമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ രാഹുൽ ഈശ്വറിനെ വിട്ടത്. ടെക്നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ അയച്ചത് മുതൽ നിരാഹാരത്തിലാണ് രാഹുൽ ഈശ്വർ. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകി.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപക്ഷയിൽ ഇന്ന് വിധിയുണ്ടാകും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷൻ കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സിപിഎം - ബിജെപി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം. തന്‍റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നും രാഹുൽ വാദിച്ചു.
രാഹുലിനെ പുറത്താക്കുമോ?
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധി കൂടി പരിഗണിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ കെ പി സി സി തീരുമാനമെടുക്കും. പുറത്താക്കാൻ ധാരണയായെങ്കിലും കോടതി വിധി കേൾക്കണമെന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു. അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും രാഹുലിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.