'ആഴത്തിലുള്ള ദുഃഖം', മഴക്കെടുതിയിൽ കേരളത്തിന്‍റെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി; 'ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും'

Published : Aug 02, 2026, 06:13 PM IST
Rahul Gandhi

Synopsis

കേരളത്തിലെ മഴക്കെടുതിയിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു

ദില്ലി: കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചതിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച അദ്ദേഹം, ദുരന്തത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പുനൽകി. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനും ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും സന്നദ്ധപ്രവർത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മഴക്കെടുതിയിൽ 12 ജീവൻ നഷ്ടം

അതേസമയം കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുകയാണ്. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കൺവീനറായി തെരഞ്ഞെടുത്തു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ നിലവിൽ ജയിലിൽ