
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയുമാണ് അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 കുടുംബങ്ങളിലെ 143 കുട്ടികളടക്കം 702 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ചെങ്ങന്നൂർ താലൂക്കിൽ എട്ട് ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കിൽ മൂന്നു ക്യാമ്പുകളും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ജില്ലയിൽ മൂന്നു വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻഡിആർ.എഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എക്സൈസ് സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽഅടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ തൃപ്തികരമെന്നും യോഗം വിലയിരുത്തി. ജില്ലയിലെ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.
തോട്ടപ്പള്ളി സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും ഇന്നലെ വൈകിട്ടോടെ തുറന്നുകഴിഞ്ഞു. പൊഴി 150 മീറ്റർ മുറിച്ചിട്ടുണ്ട്. സ്പിൽവേയിൽ അടിഞ്ഞുകൂടിയിട്ടുള്ള പായലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകൾ തുറന്നിട്ടുണ്ട്. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ 4 എണ്ണം തുറന്നിട്ടുണ്ട്. ഇവിടെ പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അതേസമയം, ഇന്നലെ കാർത്തികപ്പള്ളി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായിരുന്നെങ്കിലും നിലവിൽ കടൽ ശാന്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam