'കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ', എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി

Published : Oct 28, 2025, 09:23 PM IST
Rahul Gandhi

Synopsis

എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി. കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് കർശനമായി രാഹുല്‍ വ്യക്തമാക്കി

ദില്ലി: എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി. കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് കർശനമായി രാഹുല്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകൾ അനിവാര്യം എന്നും യോഗത്തിൽ വിഡി സതീശൻ പറഞ്ഞു. എന്നാല്‍ നിസ്സഹകരിക്കുന്നത് പ്രതിപക്ഷ നേതാവ് എന്ന് കെപിസിസി വർക്കിംഗ് പ്രസിഡുമാർ പറഞ്ഞു. പലവട്ടം ചർച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും ചർച്ചയില്‍ ആരോപണം ഉന്നയിച്ചു.

വർക്കിംഗ് പ്രസിഡണ്ട്മാർക്കെതിരെയും പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു എന്നാണ് വിവരം. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നു കെ സുധാകരൻ തുറന്നടിച്ചു. ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഔദ്യോഗിക തുടക്കമിടും. നിർണായകമായ രണ്ട് തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയിൽ തഴഞ്ഞതിൽ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടു.

പുനഃസംഘടന, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഇറക്കാത്തത്, യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ നിയമനം തുടങ്ങിയവയിൽ നേതാക്കൾ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പാർട്ടിയിൽ കൂടിയാലോചന ഇല്ലെന്ന പരാതി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും പ്രവർത്തന ശൈലിക്ക് എതിരെയും വിമർശനം ഉയർന്നു. സുധാകരൻ ചർച്ചയിൽ ചിലത് പറഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷനും സ്ഥിരീകരിച്ചു. നേതാക്കളെ വിശ്വാസത്തിൽ എടുത്തു മുന്നോട്ട് പോകുമെന്നും കേരളത്തിൽ വിജയം ഉറപ്പെന്നും ഖർഗെ പറഞ്ഞു.

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടുമോ എന്ന ചോദ്യത്തെ ഖർഗെ ചിരിച്ചു തള്ളി. അത് പറയേണ്ടത് തൻ്റെ ഉത്തരവാദിത്തം അല്ലെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി. നവംബർ ഒന്നിന് ഔദ്യോഗികമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ഇടാൻ എഐസിസി നിർദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് അവതരിപ്പിച്ച പ്രചാരണ പദ്ധതി ചില ഭേദഗതികളോടെ എഐസിസി അംഗീകരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ