
വയനാട്: മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ ഷെരീഫിനെ ഓർത്തെടുത്ത് രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശനത്തിനിടെ ഷെരീഫിന്‍റെ ഓട്ടോയിൽ കയറിയതും സംസാരിച്ചതിന്‍റെയും ഓര്‍മകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുൽ പങ്കുവെച്ചത്. ശനിയാഴ്ച രാവിലെയാണ് എടപ്പെട്ടി സ്വദേശിയായ ഒട്ടോ ഡ്രൈവർ വി വി ഷെരീഫ് വാഹനാപകടത്തിൽ മരിക്കുന്നത്.
ഓട്ടോറിക്ഷ കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ചാണ് അപകടമുണ്ടായത്. 2021 ഏപ്രിൽ മാസം വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഷെരീഫിന്‍റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. ഈ ഓർമയാണ് രാഹുൽ ഫെയിസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
'വയനാട്ടിൽ വാഹനാപകടമുണ്ടായ വാർത്ത വളരെ വിഷമമുണ്ടാക്കുന്നു. അപകടത്തിൽ മരിച്ച ഷെരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു. അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും മനസ്സിലാക്കാനായി.' ഷെരീഫിന്‍റെ അക്ഷീണ പ്രയത്നം തനിക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി ഫെയിസ്ബുക്കിൽ കുറിച്ചു.
അന്ന് ഷെരീഫിനൊപ്പം എടുത്ത ഫോട്ടോസഹിതമാണ് രാഹുലിന്‍റെ വൈകാരിക കുറിപ്പ്. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ശാരദ ചികിത്സയിൽ തുടരുകയാണ്. അപകടമുണ്ടാക്കിയതെന്ന് കരുതുന്ന കാർ ഡ്രൈവർക്കെതിരെ പൊലീസ് മന:പ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam