ദേശീയ പാത 766ലെ ഗതാഗത നിരോധനം; ഉപവസിക്കുന്നവര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Sep 29, 2019, 2:48 PM IST
Highlights
  • ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍
  • അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്
  • റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്

ദില്ലി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളും; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. 

click me!