സുൽത്താൻ ബത്തേരി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ച് യുവനേതാക്കൾ ചടങ്ങിൽ ഉപവാസം ആരംഭിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചു.

ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രം​ഗത്തെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടിരുന്നു. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

Read More; ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളുമോ? പ്രതിഷേധവുമായി നാട്ടുകാർ

അതേസമയം, പാതയില്‍ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്ന് കേസില്‍ സംസ്ഥാന സർക്കാറിന്‍റെ എതിർകക്ഷിയായ വയനാട് പ്രകൃതി സംരക്ഷണസമിതി വ്യക്തമാക്കിയിരുന്നു. പൂർണയാത്രാ നിരോധനം ജനങ്ങളില്‍ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിക്കുമെന്നും കേസില്‍ അനാവിശ്യ വാദങ്ങളുന്നയിച്ച് സർക്കാരാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണക്കാരെന്നും പ്രകൃതി സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.