രാഹുലിന്‍റെ ഫോട്ടോ പ്രൊഫൈലാക്കിയ യുവാവിന് ഭവനപദ്ധതിയുടെ ഫണ്ട് നൽകില്ലെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി ആരോപണം

By Web TeamFirst Published Aug 31, 2019, 10:03 PM IST
Highlights

രാഹുൽ ഗാന്ധിയെ തെറി വിളിക്കുന്ന ശബ്ദ സന്ദേശമടക്കം പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നന്നംമുക്ക് പഞ്ചായത്ത് സദേശിയായ ഗഫൂർ. 

മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഫോട്ടോ വാട്സ്ആപ്പ് പ്രൊഫൈലാക്കിയതിന് ലൈഫ് ഭവനപദ്ധതിയുടെ ഫണ്ട് നൽകില്ലെന്ന് സിപിഎം പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായി പരാതി. രാഹുൽ ഗാന്ധിയെ തെറി വിളിക്കുന്ന ശബ്ദ സന്ദേശമടക്കം പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നന്നംമുക്ക് പഞ്ചായത്ത് സദേശിയായ ഗഫൂർ. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്തംഗം സത്യൻ വ്യക്തമാക്കി.

ലൈഫ് ഭവനപദ്ധതി പ്രകാരം അർഹതപ്പെട്ട വീട് കിട്ടാൻ വൈകിയത് ചോദ്യം ചെയ്തപ്പോൾ പഞ്ചായത്തംഗം മോശമായി സംസാരിക്കുകയായിരുന്നെന്ന് ഗഫൂർ പറയുന്നു. രാഹുൽ ഗാന്ധിയുടെ ഫോട്ടോ മാറ്റിയില്ലെങ്കിൽ വീട് തരില്ലെന്ന് പറയുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലടക്കം  പ്രചരിക്കുന്നുണ്ട്.

നേരത്തെ കോൺഗ്രസ് വനിതാ മെംബറോട് മോശമായി സംസാരിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സത്യന്റ സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം, ഗഫൂർ വീടിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഇത് വീടനുവദിക്കുന്നതിന് കാലതാമസം ഉണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നെന്നാണ് സത്യന്റെ വിശദീകരണം.

click me!