
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് അറസ്റ്റ് ഭീതിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കിയത്, നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ. 2024 ഡിസംബർ നാലിനാണ് പാലക്കാട് നിന്നുള്ള നിയമസഭാംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ തള്ളിയതോടെ ഇദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ രാഹുലിൻ്റെ നിയമസഭാംഗത്വത്തിലും ചോദ്യങ്ങളുയരും. സ്വയം രാജിവെച്ചില്ലെങ്കിൽ ഇദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാൻ സ്പീക്കർക്ക് അധികാരമുണ്ടാകും.
പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് സീറ്റിൽ ഒഴിവുവന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ പാലക്കാട് ശക്തമായ ത്രികോണ മത്സരത്തിൻ്റെ സാധ്യതയായിരുന്നു. ഷാഫിയുടെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട പി സരിൻ ഇടത് സ്ഥാനാർത്ഥിയായ ഇവിടെ, ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്‌ണകുമാറാണ് മത്സരിച്ചത്. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു രാഹുലിൻ്റേത്. 2016-ൽ ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടിന്റെ റെക്കോർഡ് മറികടന്നു. ആകെ പോൾ ചെയ്ത 1.38 ലക്ഷം വോട്ടിൽ 58,389 വോട്ട് നേടിയ രാഹുൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. 2024 നവംബർ 23 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. പിന്നീട് 2024 ഡിസംബർ നാലിന് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ശേഷം രണ്ട് മാസത്തോളം അദ്ദേഹം പാലക്കാട് നിന്നും വിട്ടുനിന്നു. പൊലീസ് സ്വമേധയാ ആരോപണങ്ങളിൽ കേസെടുത്തതോടെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് അദ്ദേഹം പാലക്കാട് തിരിച്ചെത്തിയത്. എന്നാൽ പിന്നാലെ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതോടെ ഇദ്ദേഹത്തിനെതിരെ എഫ്ഐആർ ചുമത്തി. എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന ഇദ്ദേഹം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത് തള്ളിയതോടെയാണ് പാർട്ടിയിൽ നിന്ന് പൂർണമായും പുറത്താക്കപ്പെട്ടത്. ഗുരുതര കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിൽ സ്പീക്കർ എഎൻ ഷംസീറിൻ്റെ കോർടിലാണ് പന്ത്. എംഎൽഎക്കെതിരെ എന്ത് നടപടി വേണമെങ്കിലും അദ്ദേഹത്തിന് സ്വീകരിക്കാനാവും. എന്ത് നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.